ഫാക്ട് ചെക്ക്: അതിദരിദ്ര മുക്ത കേരളത്തിൻ്റെ നേർചിത്രം? പ്രചരിക്കുന്ന ഫോട്ടോ 2020ലേത്
അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രചാരണം

Claim :
അതിദാരിദ്ര മുക്ത കേരളത്തിൽ അതിദരിദ്ര വീടിന് മുന്നിൽ വോട്ടഭ്യർഥനFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം 2025ലേതല്ലെന്നും 2020 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണെന്നും കണ്ടെത്തി
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളം. നവംബർ 21 ആണ് നാമനിർദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തിയതി. പത്രികയുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 നു നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവംബർ 24 ആണ്. 2025 ഡിസംബർ 9, 11 തിയതികളിലായി രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
അതിനിടെ അതിദാരിദ്രത്തിൻ്റെ ചിത്രമായി ഷീറ്റും ഓലയും മേഞ്ഞ വീടിന് മുന്നിൽ ഒരു കൂട്ടം ആളുകൾ വോട്ട് ചോദിച്ചെത്തിയെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീടിൻ്റെ വാതിൽക്കൽ ഒരു സ്ത്രീയും ഒരു ചെറിയ കുട്ടിയും നിൽക്കുന്നതും കാണാം. നാല് മുതിർന്നവർ വീടിന് മുന്നിലുണ്ട്.
കേരളം അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. 2025 നവംബർ 1നാണ് സംസ്ഥാനം അതിദാരിദ്ര മുക്തമായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പ്രത്യേക നിയമസഭാസമ്മേളനത്തിൽ ചട്ടം 300 പ്രകാരമാണ് അതിദാരിദ്ര മുക്ത പ്രഖ്യാപനം നടത്തിയത്. 2021-ൽ ആരംഭിച്ച ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ലൈഫ് മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കിയത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് പ്രധാന ഘടകങ്ങളിലെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തിയത്. സർവേയിലൂടെ 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയത്. ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി, ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്ക് അവ ‘അവകാശം അതിവേഗം’ യജ്ഞത്തിലൂടെ ലഭ്യമാക്കിയും ഭക്ഷണവും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തും വീട് നിർമിച്ച് നൽകിയും അറ്റകുറ്റപ്പണികൾ ചെയ്തും, വരുമാന മാർഗം ഉറപ്പാക്കിയുമാണ് സംസ്ഥാനത്ത് അതിദാരിദ്രം നിർമാർജനം നടപ്പിലാക്കിയത്.
ഈ സാഹചര്യത്തിൽ പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
സംസ്ഥാനത്ത് അതിദാരിദ്ര മുക്ത പ്രഖ്യാപനത്തിന് ശേഷവും അതിദാരിദ്ര വീടുകൾക്ക് മുന്നിൽ വോട്ടഭ്യർഥന എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം 2020ലേതാണെന്ന് വ്യക്തമായി
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വീടിന് മുന്നിൽ നിൽക്കുന്നവർ മാസ്ക്ക് ഭാഗികമായി ധരിച്ചതായി കാണാം. ഒരാൾ തൂവാല മുഖത്ത് കെട്ടിയതായും കാണാം. ഇത് കോവിഡുമായി ബന്ധപ്പെട്ട് മാസ്ക്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ നിന്നുള്ള ചിത്രമാകാം എന്ന സൂചന നൽകുന്നുണ്ട്.
ചിത്രത്തിൻ്റെ ഉറവിടം കണ്ടെത്താൻ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2020 നവംബർ 30ന് എക്സിൽ ഇതേ ചിത്രം അപ്ലോഡ് ചെയ്തതായി കണ്ടെത്തി. “തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന പ്രതിഭാസം. ഇങ്ങനെ പോയി വോട്ട് ചോദിച്ച് നിൽക്കാനുള്ള ഇവരുടെയൊക്കെ തൊലിക്കട്ടി അപാരം.” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
സമാന ചിത്രം ഫേസ്ബുക്കിലും 2020 ഡിസംബർ 1-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. “ഇവരുടെയൊക്കെ മുന്നിൽ കണ്ടാമൃഗം.. ഒന്നുമല്ല.” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ചിത്രം 2020ലേതാണോ എന്നറിയാൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. ചിത്രത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും 2020ലേതാണെന്ന് സൂചന ലഭിക്കുന്നുണ്ട്.
ഇതോടെ മുഖ്യമന്ത്രി അതിദാരിദ്ര മുക്തമായി പ്രഖ്യാപിച്ച കേരളത്തിൽ അതിദാരിദ്ര വീടുകൾക്ക് മുന്നിൽ വോട്ടഭ്യർഥിക്കുന്ന രാഷ്ട്രീയ പാർട്ടികൾ എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നുള്ളതാണെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി.

